Tuesday, May 4, 2010

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം 3)

പരബ്രഹ്മമാകുന്ന ദൈവത്തില്‍ നിന്ന് അല്പ്പകലത്തേക്ക് അകന്നുപോയ ജീവജലങ്ങളാണ് നാമെല്ലാവരും. ഈ ജീവാത്മാക്കളെല്ലാം തിരിച്ചു പരമാത്മാവിലേക്ക് വിലയം പ്രാപിച്ചു ശാശ്വതാനന്ദം കണ്ടത്തേണ്ടതുണ്ട്. ഇങ്ങനെ കണ്ടെത്തിയാലെ ദൈവവിജയം ഉണ്ടാകൂ.അതു തന്നെയാണ് ജീവിത വിജയവും.ദൈവദശകം ഉരുവിടുന്നവര്‍ക്കെല്ലവര്‍ക്കും ഈ ജീവബ്രഹ്മൈക്യം കൈവന്ന് ജീവിത വിജയമുണ്ടാകുമാറാകട്ടെ എന്നാണ് 'അങ്ങ്, ഭഗവാനെ ജയിക്കുക..' എന്ന ഭാഗം കൊണ്ട് ഗുരുദേവന്‍ അര്‍ത്ഥമാക്കുന്നത്‌.

ഒരു കാര്യം ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടെ. 'അങ്ങ് ഭഗവാനെ ജയിക്കുക..' എന്ന ശ്ലോകം ചോല്ലുംബോഴാണ് നമ്മില്‍ പലരും ഏറ്റവും കൂടുതല്‍ തെറ്റ് വരുത്തുന്നത്.

'അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങള്‍, അങ്ങ് ഭഗവാനെ ജയിക്കുക' എന്നാണ് ചൊല്ലേണ്ടത് . പക്ഷെ നമ്മില്‍ പലരും ചൊല്ലുന്നതോ 'പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനെ' എന്നും!. പരബ്രഹ്മവും നമ്മളും ഒന്നാണ് എന്ന് പറയുന്ന ക്ഷന്തവ്യമല്ലാത്ത തെറ്റാണു ഇവിടെ നമ്മള്‍ വരുത്തുന്നത്.

ദൈവദശകം പത്തു മന്ത്രങ്ങളുള്ള ഉപനിഷത്താണ്. കാലാതിവര്‍ത്തി എന്ന് മാത്രമല്ല ഇത് മതാതിവര്‍ത്തികൂടിയാണ്. മതമാല്ത്സര്യഭേദചിന്തകള്‍ ഒന്നുമില്ലാതെ ബാലനും വൃദ്ധനും, ജ്ഞാനിക്കും അജ്ഞാനിക്കും, ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും എന്ന് വേണ്ട സര്‍വര്‍ക്കും ഒരുപോലെ ഇത് ഭക്ത്തിരസത്തെ പ്രദാനം ചെയ്യുന്നു. ഈ ഉപനിഷത്ത് സത്യം ഉള്‍ക്കൊള്ളാനും ആചാര്യന്‍റെ പാദങ്ങളെ പിന്തുടരാനുമുള്ള കരുത്ത് ഓരോരുത്തരും സമ്പാദിക്കുക എന്നതാണ് ഇന്നത്തെ അടിയന്തിരാവശ്യം. ദൈവവും ഗുരുവും അതിന് തുണയരുളട്ടെ. ദൈവോപനിഷത്ത് രചിച്ച നാരായണഋഷിയുടെ പാദങ്ങളില്‍ ആയിരമായിരം സാഷ്ട്ടാംഗ പ്രണാമം.


(2010 ഏപ്രില്‍ 23ന് സംഘടിപ്പിച്ച സാരഥി-കുവൈറ്റ്‌ മെഗാ കുടുംബ സംഗമത്തില്‍ ഹവല്ലി യൂണിറ്റിനെ പ്രതിനിധീകരിച്ചു ശ്രീമതി. നിഷ അനൂപ്‌ അവതരിപ്പിച്ച വിഷയത്തിന്‍റെ പൂര്‍ണ്ണ രൂപം )

No comments: