Wednesday, May 6, 2009

വൈക്കം സത്യാഗ്രഹവും ശ്രീ നാരായണ ഗുരുവും സത്യാഗ്രഹ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകളും

മെയ്‌ 1. 2009നു കുവൈറ്റ്‌ മിഷ്റഫ് ഗാര്‍ഡനില്‍ വച്ച് നടന്ന സാരഥി-കുവൈറ്റ്‌ മെഗാ കുടുംബ സംഗമത്തില്‍ ഹവല്ലി യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീമതി. നിഷ അനൂപ്‌ അവതരിപ്പിച്ച ഒന്നാം സമ്മാനാര്‍ഹമായ വിഷയത്തിന്‍റെ പൂര്‍ണ്ണ രൂപം താഴെ ചേര്‍ക്കുന്നു:

പ്രിയപ്പെട്ട സാരഥി കുടുംബാംഗങ്ങളെ,

വൈക്കം സത്യാഗ്രഹവും ശ്രീനാരായണ ഗുരുവും സത്യാഗ്രഹ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകളും എന്നതാണ് ഹവല്ലി യൂണിറ്റ്‌ അവതരിപ്പിക്കുന്ന വിഷയം.

അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത്തിനായി കേരളത്തില്‍ നടന്ന ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. 1924-25 കാലഘട്ടത്തിലാണ് വൈക്കം സത്യാഗ്രഹം നടന്നത്. അതായത് ഇന്നേക്ക് 85 വര്‍ഷം മുന്‍പ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈഴവരുടെ ഇന്ന് കാണുന്ന ഉയര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും ഏതാണ്ട് 85-90 വര്‍ഷത്തെ പ്രായം മാത്രം.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ജാതീയ അനാചാരങ്ങളുടെ കോട്ടയായിരുന്നു വൈക്കവും വൈക്കത്തെ പ്രസിദ്ധമായ ശിവക്ഷേത്രവും. ഈഴവര്‍ തൊട്ട് താഴോട്ടുള്ള വിഭാഗക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്നുമാത്രമല്ല ചുറ്റുമുള്ള വഴിയില്‍ കൂടി നടക്കാനുള്ള സ്വാതന്ത്രവും കൂടി ഇല്ലായിരുന്നു. 'അവര്‍ണ്ണ' വിഭാഗങ്ങള്‍ക്ക് 'നടപ്പ് നിരോധനം' രേഖപ്പെടുത്തിയ ഫലകങ്ങള്‍ വൈക്കത്ത് പല ഭാഗത്തും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ക്ഷേത്രത്തെ തീണ്ടാതെ നടക്കാന്‍ അവര്‍ണര്‍ക്ക് അക്കാലത്ത് 2-3 മൈല്‍ ദീര്ഘമുള്ള വഴിയെ യാത്ര ചെയ്യേണ്ടിയിരുന്നു.

വൈക്കത്ത് നടമാടിയിരുന്ന ജാതി വ്യവസ്ഥയുടെ നേര്‍ചിത്രം ചുരുക്കം ചില വാക്കുകളില്‍ പറഞ്ഞാല്‍, വൈക്കം ക്ഷേത്രത്തിനു സമീപം വച്ച് റിക്ഷയില്‍ യാത്ര ചെയ്തിരുന്ന ശ്രീനാരായണ ഗുരുവിനെ തടയുകയും ഗുരുവിന്‍റെ റിക്ഷ വഴിതിരിച്ചു വിടുകയും ചെയ്തു. മറ്റൊരു സംഭവം..വൈക്കത്തിനടുത്ത് കാളവണ്ടിയില്‍ കൂടി യാത്ര ചെയ്തിരുന്ന ശ്രീ അയ്യങ്കാളിക്ക്‌ വണ്ടിയില്‍ നിന്നിറങ്ങി ചുറ്റിവളഞ്ഞു സഞ്ചരിക്കേണ്ടി വന്നുവെന്നും അദ്ദേഹമില്ലാത്ത കാളവണ്ടിക്കു ക്ഷേത്ര സമീപമുള്ള വിലക്കപെട്ട വഴിയെ പോകാന്‍ അനുവാദം കിട്ടി എന്നും പറയപ്പെടുന്നു.

ഈ അനാചാരങ്ങള്‍ക്കെതിരെ ഈഴവര്‍ക്കും സമൂഹത്തിലെ അധ:കൃതര്‍ എന്നു മുദ്ര കുത്തപ്പെട്ടവര്‍ക്കിടയിലും അമര്‍ഷം പുകഞ്ഞിരുന്നെങ്കിലും അവക്കൊന്നും ഒരു സംഘടിത സമരത്തിന്‍റെ ആക്കം ലഭിച്ചില്ല.

ശ്രീ. t.k. മാധവന്‍ തന്‍റെ പത്രമായ ദേശാഭിമാനിയിലൂടെയും കുമാരനാശാന്‍ മഹാരാജാവിനു ഈ അനാചാരങ്ങള്‍ക്കെതിരെ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ആ പ്രതിഷേധങ്ങള്‍ക്കൊന്നും യാതൊരു ഫലവും കാണാത്ത സാഹചര്യത്തില്‍ ഗുരുവുമായി ചര്‍ച്ചചെയ്ത് ശ്രീ. t.k. മാധവന്‍ 1923ലെ കാക്കിനട കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ വൈക്കത്തെ കാര്യങ്ങളും ഈഴവരുടെ പ്രശ്നങളെ കുറിച്ചും ഒരു പ്രമേയം അവതരിപ്പിച്ചു. ഗാന്ധിജിയുടെ ഇടപെടല്‍ മൂലം കോണ്‍ഗ്രസ്‌ ഇടപെട്ട് വൈക്കത്ത് സത്യാഗ്രഹം ആരംഭിച്ചു. 'അഹിംസാത്മകമായ നിലപാടിലൂടെയെ' സത്യാഗ്രഹം നടത്താവൂ എന്ന് ഗാന്ധിജി പ്രതെയ്കം നിര്‍ദേശിച്ചിരുന്നു.

ഇതിനെ കുറിച്ച് ഗുരു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.. സഞ്ചാര സ്വാതന്ത്ര്യം മാത്രമല്ല ക്ഷേത്രത്തില്‍ പ്രവേശിക്കുക എന്നത് തന്നെയാണ് നമ്മുടെ ലക്‌ഷ്യം. ഗുരുവിന്‍റെ വാക്കുകള്‍ ഞാന്‍ അതേപടി വായിക്കുന്നു:
" സഹിക്കാനും ത്യജിക്കാനുമുള്ള സന്നദ്ധത വേണ്ടത് തന്നെയാണ്. എന്നു വച്ച് വെറുതേ നനഞ്ഞുകുതിരുകയോ, വിശന്നുപൊരിയുകയോ ചെയ്യേണ്ട കാര്യമൊന്നുമില്ല. പ്രവേശനം നിരോധിച്ചിരിക്കുന്നിടത്ത് പ്രവേശിച്ചിട്ട് അതിന്റെ പ്രത്യാഖാതങ്ങള്‍ നേരിടുക. അടിയേറ്റാലും തിരിച്ചടിക്കേണ്ടതില്ല. പക്ഷേ, മുന്‍പില്‍ ഒരു മതിലുണ്ടെങ്കില്‍ മടങ്ങിപ്പോരരുത്. അത് ചാടിക്കടക്കുക. വഴി നടക്കുന്നതില്‍ നിര്‍ത്തരുത്; ക്ഷേത്രത്തില്‍ കയറുക. എല്ലാ ക്ഷേത്രത്തിലും എല്ലാ ദിവസവും എല്ലാവരും കയറട്ടെ. പായസദിവേദ്യം ഉണ്ടെങ്കില്‍, എടുത്ത് കഴിക്കുക. ക്ഷേത്രത്തില്‍ പന്തിഭോജനം നടക്കുന്ന സ്ഥലത്ത് ചെന്ന് മറ്റുള്ളവര്‍ക്കൊപ്പം ഇരിക്കുക. ചെയ്യാന്‍ പോകുന്ന കാര്യം ആദ്യം സര്‍ക്കാരിനെ അറിയിക്കണം. ജീവന്‍ ത്യജിക്കേണ്ടി വരുമെങ്കില്‍ അതിനും തയ്യാറായിരിക്കണം. മറ്റുള്ളവരുടെ സ്പര്‍ശനം തങ്ങള്‍ക്ക് അശുദ്ധി വരുത്തുമെന്ന് കരുതുന്നവരെ, അവരുടെ 'ശുദ്ധിയില്‍' തുടരാന്‍ അനുവദിക്കരുത്. ഇതാണ് എന്റെ അഭിപ്രായം. ഇത് പത്രങ്ങളില്‍ കൊടുക്കൂ. ഞാന്‍ അവരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നുവെന്ന് ജനങ്ങള്‍ അറിയട്ടെ. പക്ഷേ അക്രമവും, ശക്തിപ്രകടനവും അരുത്. ബലപ്രയോഗത്തില്‍ പ്രകോപിതരാകരുത്".

ഗുരുവിന്‍റെ ഈ വാക്കുകള്‍ ഗാന്ധിജിയോടുള്ള വിയോജിപ്പായി അദ്ദേഹത്തെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു. എന്തായാലും ഗാന്ധിജി ആ അര്‍ത്ഥത്തില്‍ 'യംഗ് ഇന്ത്യയില്‍' പ്രതികരിച്ചു. പക്ഷെ വാദിച്ചു ജയിക്കാന്‍ ഒരിക്കലും ഇഷ്ടമില്ലാതിരുന്ന ഗുരു ഗാന്ധിജിയുടെ അഭിപ്രായത്തോട് പ്രതികരിച്ചില്ല. അതേസമയം സത്യഗ്രഹികളുടെ ഉപയോഗത്തിനായി ഗുരു തന്‍റെ മഠം വിട്ടു കൊടുത്തു. എന്നുമാത്രമല്ല അന്നത്തെ വലിയ തുകയായ 1000 രൂപ സത്യാഗ്രഹ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തു.

സത്യാഗ്രഹം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയപ്പോള്‍ 1924 Sept. 27 ന് ഗുരു വൈക്കം സന്ദര്‍ശിച്ചു. ബോട്ടിലെത്തിയ ഗുരുവിനെ ഗാന്ധിജി കൊടുത്തയച്ച ബഹുവര്‍ണ്ണഹാരം അര്‍പ്പണം ചെയ്തു ആയിരക്കണക്കിനാളുകള്‍ ചേര്‍ന്ന് സ്വീകരിച്ചു. അടുത്ത ദിവസം ഗാന്ധിജിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രാര്‍ഥനാസമ്മേളനത്തില്‍ ഗുരു അധ്യക്ഷത വഹിച്ചു. എല്ലാവര്‍ക്കും മുന്‍പില്‍ അദ്ദേഹം ഏതാനും നിമിഷം ധ്യാനനിരതനായി. നാരായണഗുരു പരസ്യമായി പ്രാര്‍ഥിക്കുന്നതായി കണ്ട ഒരേയൊരവസരം ഇതായിരുന്നു എന്ന് പറയപ്പെടുന്നു.

സത്യാഗ്രഹം കൊടുംപിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഗാന്ധിജി കേരളത്തില്‍ എത്തുകയും ശിവഗിരിയില്‍ എത്തി ഗുരുവിനെ കാണുകയും ഉണ്ടായി. സത്യാഗ്രഹരീതിയോട് വിയോജിപ്പോണ്ടോ എന്നാ ഗാന്ധിജിയുടെ ചോദ്യത്തിന് എന്തെങ്കിലും മാറ്റം വരുത്തണം എന്ന് അഭിപ്രായം ഇല്ലെന്നും ഹിംസ നല്ലതല്ലെന്നും ഗുരു പറഞ്ഞു.

പിന്നീട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ സവര്‍ണ്ണരുമായുള്ള ഒരു ഒത്തുതീര്‍പ്പിലൂടെയാണ് വൈക്കം സത്യാഗ്രഹം അവസാനിച്ചത്. ക്ഷേത്രത്തിനു കിഴക്കേനട ഒഴികെയുള്ള ബാക്കി മൂന്നു വഴികളും എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തു. എന്നിരുന്നാലും കിഴക്കെനടയും അതിനെതുടര്‍ന്നുള്ള രണ്ടു വഴികളും സവര്‍ണര്‍ക്കു മാത്രമായി തുടര്‍ന്നു.

അങ്ങനെ മൂന്നു വശങ്ങളിലൂടെയുള്ള വഴിയില്‍ മാത്രം സഞ്ചാര സ്വാതന്ത്ര്യം സിദ്ധിച്ചത്‌ കൊണ്ട് വൈക്കം സത്യാഗ്രഹം ഭാഗികവിജയം മാത്രമാണ് എന്നൊരുപക്ഷമുണ്ട്. ഗുരു നിര്‍ദേശിച്ചത് പോലെ പ്രവര്‍ത്തിചിരുന്നെങ്കില്‍ ഒരുപക്ഷെ അധ:സ്ഥിത സമൂഹത്തിനു ക്ഷേത്ര പ്രവേശനത്തിനായി പിന്നെയും ഒരു ദശകം കൂടി കാത്തിരിക്കേണ്ടി വരില്ലായിരുന്നു എന്നുമുണ്ട് ഒരു പക്ഷം.

എന്തുതന്നെയായാലും സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരു വചനമാണ് ഇവിടെ വിജയം കണ്ടത്. ഇത്രയും പറഞ്ഞു കൊണ്ട് ഗുരുദേവന്‍റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട് നിര്‍ത്തുന്നു. നമസ്ക്കാരം.