Tuesday, May 4, 2010

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം 2)

ദൈവത്തിന് രൂപമില്ല എന്നുതന്നെയാണ് എല്ലാ മതങ്ങളും പറയുന്നത്, ക്രിസ്തുമതമായാലും ഇസ്ലാമായാലും, ഹിന്ദുസംസ്കാരമായാലും. ഹൈന്ദവ വീക്ഷണത്തില്‍ പരബ്രഹ്മം എന്നാണ് ദൈവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഈ പരബ്രഹ്മത്തെ ഗുരു എങ്ങിനെയാണ്‌ കണ്ടറിഞ്ഞത്‌ അല്ലെങ്കില്‍ ഈ പരബ്രഹ്മം എങ്ങിനെയുള്ളതാണ് എന്നാണ് ഗുരു നമുക്ക് പറഞ്ഞുതന്നത് എന്നറിയാനായി "ചിജ്ജടചിന്തനം" എന്ന കൃതിയിലെ ഈ വരികള്‍ നോക്കൂ:


"ഒരു കോടി ദിവാകരരോത്തുയരും പടി

പാരോടു നീരനലാദികളും

കൊടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍

വടിവെന്നു മിരുന്നു തിളങ്ങിടെണം "
ഒരു കോടി സൂര്യന്മാര്‍ ഒന്നിച്ചു ഉദിച്ചുയരുമ്പോളുണ്ടാകുന്ന തേജസ്സ്, വസ്തുരൂപം അഥവാ ദൈവരൂപമായി തെളിഞ്ഞെന്നാണ് ഗുരു പറയുന്നത്. ഈ പരമസത്യമാകുന്ന പരബ്രഹ്മത്തിലേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ് നാം ആരാധിക്കുന്ന ദൈവരൂപങ്ങള്‍. ജീവിതമാകുന്ന സംസാര സാഗരത്തെ താണ്ടി അല്ലെങ്കില്‍ തരണം ചെയ്ത് നാം എവിടെ നിന്ന് പുറപ്പെട്ടോ അവിടെ തിരികെ എത്താനുള്ള അതായത് പരബ്രഹ്മത്തില്‍ വിലയം പ്രാപിക്കുന്നതിനായാണ് നാം ഇഷ്ട ദൈവരൂപത്തെ അല്ലെങ്കില്‍ ഇഷ്ടദേവനെ പ്രാര്‍ഥിക്കുന്നത്. അങ്ങിനെ നമ്മുടെ ജീവിതയാത്രയില്‍ എപ്പോഴും ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിച്ച് അവസാനം രൂപങ്ങളില്ലാതെ തന്നെ പരമസത്യത്തിലെത്താനാവും. ദൈവനാവികന്‍ ശരണാഗതരെ ജീവിതമാകുന്ന സമുദ്രം കടത്തുക മാത്രമല്ല തന്നോടോരുമിപ്പിക്കുകയും ചെയ്യുന്നു.

ഗുരു പാടിപുകഴ്ത്തുന്ന ദൈവം ജഗത്തിന് മുഴുവന്‍ സാക്ഷിയായി വിളങ്ങുന്ന അഖണ്ടബോധ സ്വരൂപനായ പരമാത്മാവാണെന്ന് 'ഒന്നൊന്നായ് യെണ്ണിയെണ്ണി..' എന്ന് തുടങ്ങുന്ന ശ്ലോകത്തില്‍ വ്യക്ത്തമാക്കുന്നു. ഈ ഭൂമിയില്‍ നമുക്ക് കിട്ടുന്നതെന്തും ആ പരമാത്മാവ്‌ തന്നതാണെന്ന ചിന്ത ഉണ്ടാവുകയും ഒരു നിമിഷം പോലും ദൈവത്തെ മറക്കരുതെന്നുള്ള ആശയമാണ് 'അന്നവസ്ത്രാദി മുട്ടാതെ..' എന്ന് തുടങ്ങുന്ന പദ്യത്തില്‍ ഗുരു ഓര്‍മിപ്പിക്കുന്നത്‌. ഈ ലോകത്തുള്ള എല്ലാ വസ്തുക്കളും ഏതോ ഒന്നില്‍ കോര്‍ത്തിണക്കി പരസ്പ്പര ബന്ധത്തോടെ വര്‍ത്തിക്കുന്നു. ഭഗവത്ഗീതയില്‍ കാണുന്ന വിശ്വരൂപ വിവരണവും പുരാണങ്ങളില്‍ കാണുന്ന വിരാട്ട്രൂപ വര്‍ണ്ണനയും ഈ തത്വത്തെ വെളിപ്പെടുത്തുന്നു. മതത്തിന്‍റെ പേരില്‍ വഴക്കടിക്കാതെ എല്ലാം ഒരിടത്തേക്കാണ്‌ ചെല്ലുന്നതെന്ന ആശയമാണ് ഇവിടെ വരുന്നത്. ദൈവത്തെ സമുദ്രത്തോട്‌ താരതമ്യപ്പെടുത്തുമ്പോഴും ഈ ആശയംതന്നെയാണ് ഗുരു നമുക്കു പറഞ്ഞു തരുന്നത് .

'ആഴിയും തിരയും കാറ്റും...' എന്ന് തുടങ്ങുന്ന പദ്യം മുതല്‍ പിന്നീടു ദൈവത്തെ ഉപാസിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന സത്യബോധത്തെക്കുറിച്ചു ക്രമമായി വിവരിക്കുന്നു. ഇക്കാണുന്നതൊക്കെ ഏതെങ്കിലും തരത്തില്‍ ഭിന്നമാണോ? അല്ല. ഒന്നും ദൈവത്തില്‍ നിന്ന് ഭിന്നമല്ല എന്ന സത്യദര്‍ശനമാണ്‌ 'നീയല്ലോ സൃഷ്ട്ടിയും സൃഷ്ട്ടാവയതും....' എന്ന് തുടങ്ങുന്ന പദ്യത്തില്‍ ഗുരു നമുക്കു പറഞ്ഞുതരുന്നത്. തത്വമസി എന്ന ആശയം സാക്ഷാത്കരിച്ചുകൊണ്ടാണ് ഗുരുദേവന്‍ ഈ ശ്ലോകം പ്രതിപാദിച്ചിരിക്കുന്നത്.ബ്രഹ്മത്തെകുറിച്ചും മായയെകുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് അന്തിമമായ മറുപടി നല്‍കുന്നതാണ് 'നീയല്ലോ മായയും മായാവിയും..' എന്ന ശ്ലോകം.

'നീ സത്യം ജ്ഞാനമാനന്ദം..' എന്ന ശ്ലോകത്തില്‍ ദൈവം സത്യമാണെന്ന് പറയുന്നു. അപ്പോള്‍ എന്താണ് ഈ സത്യം? മാറ്റമില്ലാത്ത നിലനില്‍പ്പാണ് സത്യം. ഒരു വസ്തു അതേപടി നിലനില്‍ക്കുകയാനെങ്കില്‍ സത്യവും അതിന് മാറ്റം വന്നാല്‍ അത് അസത്യവും ആകുന്നു. ഉദാഹരണത്തിന് മാല, വള തുടങ്ങി സ്വര്‍ണ്ണഭരണങ്ങള്‍ തല്‍ക്കാല  ദര്‍ശനങ്ങളാണ്. ഇവ ഉരുക്കിയാല്‍ സ്വര്‍ണ്ണമായി മാറും അപ്പോള്‍ സ്വര്‍ണ്ണം എന്നത് സത്യവും അതുകൊണ്ട് ചമയ്ക്കുന്ന ആഭരണങ്ങള്‍ അസത്യവും ആണ്. മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ് ദൈവം. ഈ ദൈവം എവിടെ ഇരിക്കുന്നു എന്ന ചോദ്യത്തിനുത്തരമാണ് 'അകവും പുറവും തിങ്ങും..' എന്ന പദ്യം.ഇങ്ങനെ അകവും പുറവും തിങ്ങുന്ന ദൈവത്തെ എങ്ങും കണ്ടറിയുവാനും ആ ദൈവം വിജയിക്കുന്നത് കണ്ടു കണ്‍കുളിര്‍ക്കാനുമാണ് ഗുരു നമ്മോട് ആവശ്യപ്പെടുന്നത്.

No comments: