Tuesday, May 4, 2010

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം. 1)

ദൈവദശകത്തിന്‍റെ കാലിക പ്രസക്തി എന്നതാണ് ഹവല്ലി യൂണിറ്റ് ‌ അവതരിപ്പിക്കുന്ന വിഷയം.ഇന്നത്തെ കാലഘട്ടത്തില്‍ മാത്രമല്ല ഭൂമി നിലനില്‍ക്കുന്നിടത്തോളം ദൈവദശകം പ്രസക്തമാണ്.അതിനര്‍ത്ഥം ഈ കൃതി കാലാതിവര്‍ത്തിയാണ് എന്നതാണ്.ഇത് വായിക്കുകയും പഠിക്കുകയും ചെയ്യുന്ന നമ്മള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യം ചെയ്തവരാണ്. ദൈവദശകത്തിന്‍റെ കാലിക പ്രസക്തി എന്ത് എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഒരു ഉത്തരം പറഞ്ഞാല്‍ ഇത് ഏതു മതത്തില്‍പെട്ടവര്‍ക്കും അവരുടെ പ്രാര്‍ത്ഥനക്കായി അല്ലെങ്കില്‍ ദൈവത്തെ ആരാധിക്കാനായി ചൊല്ലവുന്നതാണ് എന്നതുതന്നെയാണ്. അദ്വൈത സത്യമാകുന്ന (അതായത് ദ്വൈതം അല്ലെങ്കില്‍ രണ്ടല്ല, ഒന്നാണ് എന്ന സത്യം) ഉജ്വല രത്നത്തെ ഒരു കൊച്ചി ചിമിഴിലാക്കി അയത്ന ലളിതമായി ലോകത്തിനു നല്‍കി അനുഗ്രഹിച്ചിരിക്കുകയാണ് ഗുരു. ഈ കൃതിയുടെ പഠനം കൊണ്ടുതന്നെ ഒരാള്‍ക്ക് പരമസത്യം കണ്ടെത്താം. അതുകൊണ്ടുതന്നെയാണ് ചിന്തകന്മാര്‍ ദൈവദശകത്തെ ഉപനിഷത്തായി കണക്കാക്കുന്നത്. ഉപനിഷത്ത് എന്ന വാക്കിന്‍റെ അര്‍ഥം അറിവിന്‍റെ അവസാനം എന്നാണ്. ആരാണ് ദൈവം, എന്താണ് ദൈവം എന്ന് തുടങ്ങിയുള്ള എല്ലാ അടിസ്ഥാന ചോദ്യങ്ങളുടെയും അവസാനമാണ് ഉത്തരമാണ് ദൈവദശകം.അതിനാല്‍ ഈ കൃതിയെ ദൈവോപനിഷത്ത് എന്ന് വിശേഷിക്കപ്പെടുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്ത്തമായി കൊണ്ടിരിക്കുകയാണ്. സമകാലിക മനുഷ്യന്‍റെ പ്രശ്നങ്ങളെയും പ്രതിസന്ധികളേയും മുന്‍നിര്‍ത്തി ഗുരുവിന്‍റെ കൃതികളും ദര്‍ശനങ്ങളും വ്യാഖ്യാനിക്കപ്പെടെണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് 'മതം' എന്ന വികാരമാണ്. തങ്ങളുടെ മതമാണ്‌ ഏറ്റവും ഉന്നതമെന്ന് എല്ലാവരും കരുതുന്നു. മറ്റുള്ള മതങ്ങളോടോ ജനങ്ങളോടോ സഹിഷ്ണുത പുലര്‍ത്താന്‍ പോലും തയ്യാറാകാതെ 'മതഭ്രാന്തിന്‍റെ' വേരുകള്‍ ലോകമെങ്ങും പടരുന്നു.ചിലരാവട്ടെ മറ്റുള്ള മതങ്ങളിലോ വിശ്വാസധാരകളിലോ പെട്ടവരെ അവിശ്വാസികളെന്നോ, പാപികളെന്നോ വിശ്വസിക്കുന്നു അല്ലെങ്കില്‍ അവരെ അങ്ങിനെ മുദ്രകുത്തുന്നു. ഇത്തരം സങ്കുചിത വിശ്വാസങ്ങളും ചിന്തകളും മതഭ്രാന്ത്‌ വളര്‍ത്തുന്നതിലും മതാധിഷ്ട്ടിത തീവ്രവാദത്തിലും ഭീകരവാദത്തിലും ചെന്നെത്തുന്നു.തന്മൂലം നിരപരാധികളായ മനുഷ്യരുടെ കൂട്ടകുരുതിക്കും മറ്റു അപരിഹാര്യമായ വ്യഥകള്‍ക്കും ഹേതുവാകുന്നു.

ഈ മതഭ്രാന്തിനുള്ള മറുപടിയാണ് ദൈവദശകം.എല്ലാ മതതത്വങ്ങളെയും ഉള്‍ക്കൊണ്ട്‌ എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ട് രചിച്ച കൃതിയാണിത്.നാം പല ദൈവരൂപങ്ങളെയും ദൈവദൂതരെയും ആരാധിക്കുന്നു. ഉദാഹരണത്തിന് ബ്രഹ്മാവ്‌, വിഷ്ണു, കൃഷ്ണന്‍, യേശുക്രിസ്തു എന്നിത്യാദി . പക്ഷെ ഈ കൃതിയില്‍ ഒരു ദൈവരൂപത്തെയോ ദൈവദൂതരെയോ സംബോധന ചെയ്യുകയോ പ്രതിപാദിക്കുകയോ ചെയ്യുന്നില്ല. പകരം ദൈവമേ കാത്തുകൊള്‍കങ്ങ്..! എന്നാണ് പറയുന്നത്.
അപ്പോള്‍ ദൈവം എന്നാല്‍ എന്താണ്? ഇവിടെ ദൈവം എന്നാല്‍ 'പരബ്രഹ്മം' അല്ലെങ്കില്‍ 'പരമസത്യം' എന്നാണ് ഗുരു വിവക്ഷിക്കുന്നത്. അതായത് താന്‍ സാക്ഷാത്കരിച്ചുകണ്ട പരമസത്യതെയാണ് ഗുരു ഈ കൃതിയില്‍ ദൈവം എന്ന സംജ്ഞ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആകാശത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് എന്നാണ് ദൈവ ശബ്ദത്തിനര്‍ത്ഥം. തന്‍റെ ജീവിതത്തെ പൂര്‍ണ്ണ സാഫല്യത്തില്‍ എത്തിച്ച അതേ സത്യത്തെ തന്നെ സര്‍വ്വാത്മനാ സമാശ്രയിക്കാനാണ് ഗുരുദേവന്‍ ദൈവദശകത്തിലെ ആദ്യപദ്യം കൊണ്ട് സമൂഹത്തോട് ആവശ്യപ്പെടുന്നത്.

No comments: