Tuesday, March 30, 2010

സാരഥി ഓണാഘോഷം: ഒരു പുനര്‍വിചിന്തനം


2009 ഒക്ടോബര്‍ 23ന് ചേര്‍‍ന്ന ഹവല്ലി പ്രാദേശിക സമിതി യോഗത്തില്‍ സാരഥി കുവൈറ്റിന്‍റെ പത്താം വാര്‍ഷികവും ഈ വര്‍‍ഷത്തെ ഓണഘോഷവും സംബന്ധിച്ച് ഒരു വിശദമായ വിലയിരുത്തല്‍ ഉണ്ടായി. സാരഥി കുവൈറ്റിന്‍റെ വര്‍ഷാവര്‍ഷമുള്ള ഓണാഘോഷപരിപാടികളില്‍ പലവിധേനയുള്ള പോരായ്മകളും പരാതികളും ഉണ്ടാവാറുണ്ട്. ഓണസദ്യയുടെ നടത്തിപ്പ്, പരിപാടികളുടെ നിലവാരകുറവ്, സാരഥി അംഗങ്ങള്‍‍ക്കും അവരുടെ കുട്ടികള്‍‍ക്കും അവരുടെ കലാപരവും മറ്റുമായ കഴിവുകള്‍ക്ക് വേദി കിട്ടാതെ വരുക, അനിയന്ത്രിതമായ ജനപ്രവാഹവും എന്നാല്‍ പരിമിതമായ സൌകര്യങ്ങളും മൂലമുണ്ടാകുന്ന മറ്റുപ്രശ്നങ്ങള്‍ എന്നിവ അവയില്‍ ‍ ചിലതുമാത്രം.

തന്മൂലം സാരഥി ഭാരവാഹികള്‍ക്ക് ഏറ്റെടുത്ത പരിപാടികള്‍ വിജയത്തിലെത്തിക്കാന്‍ ‍ അധികഭാരം ചുമക്കേണ്ടി വരുന്നു എന്നത് ഒരു വസ്തുതയാണ്. കൂടാതെ സാധാരണക്കാരായ അംഗങ്ങള്‍ക്ക് സാരഥിയോടുള്ള ആഭിമുഖ്യം കുറയാന്‍ ഏതെങ്കിലും വിധത്തില്‍ ഇത് കാരണമാകുന്നുണ്ടോ എന്നതും ഇത്തരുണത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്‌. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ നാളിതുവരെ ഒന്നിച്ചുകൊണ്ടാടിയിരുന്ന സാരഥി വാര്‍‍ഷികവും ഓണാഘോഷവും ഒരു പുനര്‍‍വിചിന്തനത്തിനും പുനക്രമീകരണത്തിനും വിധേയമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു .

ഈ ആശയഗതിയെ ഊന്നി ഹവല്ലി യൂണിറ്റില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ചിലനിര്‍ദേശങ്ങള്‍ ചുവടെചേര്‍‍ക്കുന്നു:

1. സാരഥി കുവൈറ്റിന്‍റെ ഓണാഘോഷം പൂര്‍ണ്ണമായും സാരഥി കുടുംബാംഗങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തുക. ഓണാഘോഷം എന്നത് കൊണ്ട് ഉദേശിക്കുന്നത് സാരഥി ഓണാഘോഷവും ചതയാഘോഷവുമാണ്. പ്രസ്തുത ഓണാഘോഷത്തില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ സാരഥി അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും മാത്രമായി നിശ്ചയിക്കുക.

2. മേല്‍പ്പറഞ്ഞ പരിപാടികള്‍ നടത്തുന്നതിനുള്ള സാമ്പത്തികം പ്രധാനമായും അംഗങ്ങളില്‍ നിന്നും മറ്റും സംഭാവനകളില്‍കൂടി സമാഹരിക്കുക. കൂടാതെ റാഫിള്‍ ‍കൂപ്പണ്‍‍, സാരഥിക്ക് പുറത്ത് വിതരണം ചെയ്യുന്നപക്ഷം അത് പ്രവേശനത്തിനുള്ള പാസ് അല്ല എന്നുള്ള വിവരം എന്ന് വ്യക്തമായി രേഖപ്പെടുത്തുക.

3. സാരഥിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം നാട്ടില്‍നിന്നുള്ള ‍ കലാകാരന്‍മാരെ പ്രധാനമായും ഉള്‍പ്പെടുത്തികൊണ്ട് സാരഥി അംഗങ്ങള്‍ക്കും മറ്റു പൊതു വിഭാഗങ്ങള്‍ക്കുമായി ഒരു paid-program പ്രതെയ്കം നടത്തുക.

4. പക്ഷെ സീറ്റിംഗ് കപ്പാസിറ്റിക്കനുസരണമായി പ്രവേശനം പ്രതെയ്കം പാസ്സുമൂലം നിയന്ത്രിക്കണം. സ്പോണ്‍സര്‍ഷിപ്പ്, പരസ്യം, റാഫിള്‍ കൂപ്പണ്‍ തുടങ്ങി സാധ്യമായ എല്ലാ ധനാഗമമാര്‍ഗങ്ങളും ഈ paid-programല്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷെ ഇവിടെയും റാഫിള്‍ കൂപ്പണ്‍ വിതരണം ചെയ്യുന്ന പക്ഷം അത് പ്രവേശനത്തിനുള്ള പാസ്‌ അല്ല എന്ന് പ്രതെയ്കം രേഖപ്പെടുത്തണം.

5. പ്രസ്തുത paid programനായി വേനലവധിക്കാലം ഒഴിവാക്കി മറ്റേതെങ്കിലും അനുയോജ്യമായ സമയം തിരഞ്ഞെടുക്കണം.

പൂര്‍‍വകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞ ഈ നിര്‍ദേശങ്ങള്‍ എല്ലാ സാരഥി അംഗങ്ങളുടെയും വിശദമായ ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ ഇമെയില്‍ മുഖേന അറിയിക്കണമെന്നും താല്‍പ്പര്യപ്പെടുന്നു.

ഞങ്ങള്‍ക്ക് മെസ്സേജ് അയയ്ക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ : ഞങ്ങളുടെ e -mail..

No comments: