Monday, March 30, 2009

പി.എസ്.സി സംവരണം സുപ്രീം കോടതി വിധി- രത്ന ചുരുക്കം

പിഎസ്സി സംവരണകേസില്‍ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി. നിലവിലെ നിയമനരീതിയായ 20:20 തുടരാമെന്ന് സുപ്രീം കോടതി വിധിച്ചു.

പിഎസ്സി നിയമനങ്ങളില്‍ മൊത്തം ഒഴിവുകളെയും ഒരു യൂണിറ്റായി കണക്കാക്കണമെന്നായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. ഇതിനെ ചോദ്യം ചെയ്താണ് എന്‍എസ്എസും സംസ്ഥാന പബ്ളിക് സര്‍വീസ് കമ്മിഷനും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മൊത്തം ഒഴിവുകളെ 20 എണ്ണം വീതമുള്ള യൂണിറ്റുകളായി കണക്കാക്കി നിയമനം നടത്തണമെന്നാണ് ഇവരുടെ നിലപാട്. പക്ഷേ, 50:50 അനുപാതത്തില്‍ സംവരണം നടത്തണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി പിഎസ്സിക്കും എന്‍എസ്എസിനുമടക്കം അനുകൂലമായി വിധി പ്രസ്താവിച്ചത്. 30,000 ഒഴിവുകള്‍ നികത്തുന്നത് കേസ് നടപടികളെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു.

രണ്ടുവിധങ്ങളും തമ്മിലുള്ള താരതമ്യം ഇങ്ങനെയാണ്:

20ന്റെ യൂണിറ്റുകളാക്കിയാല്‍ ഇതു പിന്നാക്ക വിഭാഗക്കാര്‍ക്ക് മെറിറ്റില്‍ ജോലി ലഭിക്കാനുള്ള അവസരം കുറയ്ക്കും. പക്ഷേ, സംവരണം കുറയില്ല. 100 ഒഴിവ് റിപ്പോര്‍ട്ട് ചെയ്താല്‍ അതിനെ 20ന്റെ അഞ്ചു യൂണിറ്റുകളാക്കുകയാണ് ഇപ്പോഴത്തെ രീതി. ആദ്യ 20 ഒഴിവിലേക്കാണ് ആദ്യം നിയമനം. ഇതില്‍ 10 ഒഴിവിലേക്ക് ആദ്യ 10 റാങ്കുകാര്‍. അടുത്ത 10 ഒഴിവിലേക്ക് തുടര്‍ന്നു വരുന്ന സംവരണ ഉദ്യോഗാര്‍ഥികളെയാണ് നിയമിക്കുക. പതിനഞ്ചാം റാങ്കുകാരന്‍ പിന്നാക്ക വിഭാഗക്കാരനാണെങ്കില്‍ അയാള്‍ക്കു സംവരണ ഒഴിവിലേ നിയമനം ലഭിക്കൂ.

50:50 ആയാല്‍

എന്നാല്‍, മൊത്തം ഒഴിവിന്റെ 50:50 എന്നതിലേക്കു മാറിയാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു മെറിറ്റില്‍ അവസരം കൂടും. സംവരണ ഒഴിവുകള്‍ പഴയപോലെ ലഭിക്കുകയും ചെയ്യും.എന്നാല്‍, 50:50 നടപ്പാക്കിയാല്‍ 100 ഒഴിവില്‍ 50 എണ്ണത്തിലേക്ക് ആദ്യ 50 റാങ്കുകാരെ മെറിറ്റ് അനുസരിച്ചു നിയമിക്കും. അതിനു ശേഷമുള്ള റാങ്കുകാരെ മാത്രമേ തുടര്‍ന്നുള്ള 50 സംവരണ ഒഴിവില്‍ നിയമിക്കൂ. ഇതനുസരിച്ച് കൂടുതല്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് മെറിറ്റില്‍ നിയമനം ലഭിക്കും.

No comments: